അച്ചടക്കം എല്ലാവര്‍ക്കും ബാധകം; തോമസിനെ പുറത്താക്കുമെന്നത് സ്വാഭാവിക പ്രതികരണമെന്ന് കെ സുധാകരന്‍

അച്ചടക്കം എല്ലാവര്‍ക്കും ബാധകം; തോമസിനെ പുറത്താക്കുമെന്നത് സ്വാഭാവിക പ്രതികരണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് തീരുമാനിച്ച വിഷയത്തോട് പ്രതികരിക്കുകയിരുന്നു അദ്ദേഹം. കെ വി തോമസിനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. സെമിനാറില്‍ പങ്കെടുത്താല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയം എഐസിസി നേതൃത്വത്തെ അറിയിക്കും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞത് സ്വാഭാവിക പ്രതികരണമാണ്. വിഷയത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെ സുധാകരന്‍ ഇന്നലെ കെ.വി തോമസിനോട് ആവശ്യപ്പെട്ടിരുന്നു. തോമസിനെതിരായ അച്ചടക്ക നടപടിയില്‍ കെപിസിസി തീരുമാനമെടുക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു.

ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. താന്‍ വേറെ പാര്‍ട്ടിയിലേക്ക് പോകില്ലെന്നും, തന്റെ അന്ത്യം കോണ്‍ഗ്രസുകാരനായിട്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.