പാലക്കാട്: ബൈക്ക് മോഷ്ടാവെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. പാലക്കാട് ജില്ലയിലെ ഒലവക്കോട് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് എന്ന ഇരുപത്തേഴുകാരനാണ് മരിച്ചത്. സംഭവത്തില്‍ ആലത്തൂര്‍, പല്ലശന, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് യുവാക്കളെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി.
ബാര്‍ ഹോട്ടലിന് സമീപം വച്ചിരുന്ന ബൈക്ക് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ ഒരാള്‍ ബൈക്കുമായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റഫീഖിനെ പിടികൂടുന്നതും മര്‍ദ്ദിക്കുന്നതും. വിവരമറിഞ്ഞ് പൊലീസെത്തി റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവര്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.