'ഓട് പൊളിച്ചല്ല അദേഹം പാര്‍ലമെന്റില്‍ എത്തിയത്'; കെ.വി. തോമസിന് പിന്തുണയുമായി കെ. മുരളീധരന്‍

'ഓട് പൊളിച്ചല്ല അദേഹം പാര്‍ലമെന്റില്‍ എത്തിയത്'; കെ.വി. തോമസിന് പിന്തുണയുമായി കെ. മുരളീധരന്‍

കോഴിക്കോട്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച കെ.വി. തോമസിനെ ആക്ഷേപിക്കുന്നതിനോട് വിയോജിച്ച് കെ. മുരളീധരന്‍ എംപി. തോമസിന്റെ ചില വിഷമങ്ങള്‍ പാര്‍ട്ടി പരിഹരിച്ചില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഓട് പൊളിച്ചല്ല അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ് നേതാവായതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

തോമസ് മാഷിനെ അപമാനിച്ച വാചകങ്ങളോട് യോജിക്കുന്നില്ല. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നത് കേരള ഘടകമാണ്. കോണ്‍ഗ്രസ് നശിച്ച് കാണണമെന്ന് ആഗ്രഹമുള്ളവരാണ് കേരള സിപിഎമ്മെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ഇത്രയും കാലം ഒപ്പം നിന്ന കെവി തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍ വിഷമമുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് പങ്കെടുക്കാന്‍ പോയാലുണ്ടാകുന്ന നടപടിയെ കുറിച്ച് മാഷിന് തന്നെ അറിയാം.

പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് കേരളത്തിലാണ്. കോണ്‍ഗ്രസ് നശിച്ച് കാണണം എന്ന് മാത്രം ആഗ്രഹിക്കുന്നവരാണ് സിപിഎം കേരള ഘടകം. അപ്പോള്‍ അവര്‍ നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നത് ശരിയല്ല.

മറ്റൊരു സംസ്ഥാനത്താണ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നു. ഒരുപാട് കോണ്‍ഗ്രസുകാരുടെ രക്തം വീണ മണ്ണാണ് കണ്ണൂര്‍. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി കുത്തിത്തിരിപ്പിനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.