കണ്ണൂര്‍: ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെതിരേ സോണിയ ഗാന്ധിക്ക് കത്തയച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. അച്ചടക്കം ലംഘിച്ച തോമസിനെതിരേ കടുത്ത നടപടി എടുക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം.
കെ.വി തോമസ് പാര്‍ട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചു. അദ്ദേഹത്തിനെതിരെ മാതൃകാപരമായ അച്ചടക്ക നടപടി വേണം. അദേഹം ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ആശയ വിനിമയത്തിലെന്നും സുധാകരന്റെ കത്തില്‍ പറയുന്നു.
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കാന്‍ മറന്നില്ല. തികഞ്ഞ അഭിമാനത്തോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കിയ തോമസ് പിണറായി ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്ന് പറഞ്ഞു.
കുമ്പളങ്ങിയിലെ പ്രസിദ്ധമായ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഇത് കോണ്‍ഗ്രസിനേയും ശക്തിപ്പെടുത്തുമെന്ന് തന്റെ സഹപ്രവര്‍ത്തകരും മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തോമസ് പറഞ്ഞു.
കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ചായിരുന്നു പിണറായി വിജയന്റെ പ്രസംഗം. കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് നേതാവായി തന്നെയാണെന്ന് അദേഹം പറഞ്ഞു. അദ്ദേഹത്തെ ക്ഷണിച്ചതും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ്. നാളത്തെ കാര്യത്തില്‍ പ്രവചനത്തിന് ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ചിലര്‍ തോമസിന്റെ മൂക്ക് ചെത്തുമെന്ന് പേടിപ്പിച്ചു. അദ്ദേഹം പങ്കെടുക്കില്ലെന്ന് ചിലര്‍ പറഞ്ഞു. വരുമെന്ന് സിപിഎമ്മിന് ഉറപ്പായിരുന്നു. തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി 'കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തില്‍ സെമിനാറില്‍ പങ്കെടുക്കാനാണ് തോമസ് എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സെമിനാറില്‍ പങ്കെടുത്തു.