തിരുവനന്തപുരം: ഇത്തവണ വേനല്‍ മഴ ശരാശരിയില്‍ കൂടുതല്‍ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ഇതുവരെ 121 ശതമാനം വേനല്‍ മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ മഴ വീണ്ടും ശക്തമാകും. സംസ്ഥാനത്ത് ആകെ മഴയുണ്ടാകുമെങ്കിലും പശ്ചിമഘട്ടത്തിനോട് ചേര്‍ന്ന പ്രദേശങ്ങളിലാകും ശക്തമായ മഴ പെയ്യുകയെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.
സാധാരണയായി 121 ശതമാനം മഴയെന്നത് സാധാരണയിലും ഉയര്‍ന്ന അളവാണ്. അടുത്ത രണ്ടുമൂന്ന് ദിവസങ്ങളില്‍ മഴ കുറഞ്ഞാലും പിന്നീടുള്ള ദിവസങ്ങളില്‍ മഴ കനക്കും. ഇരുപതാം തീയതിക്കു ശേഷം കേരളത്തിലാകമാനം മഴ പെയ്യും. പശ്ചിമ ഘട്ടത്തിനോട് ചേര്‍ന്നുള്ള ജില്ലകളില്‍ കനത്ത മഴ ലഭിക്കുമെന്നും എഎംഡിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ആര്‍.കെ ജനമണി വ്യക്തമാക്കി.
വേനല്‍ മഴ ശക്തിയാര്‍ജിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറഞ്ഞു. വേനല്‍ കടുത്തപ്പോള്‍ മുതല്‍ പ്രതിദിന ഉപഭോഗം ശരാശരി 89 ദശലക്ഷം യൂണിറ്റ് വരെ ആയിരുന്നത് മഴ എത്തിയതോടെ 70 ദശലക്ഷത്തില്‍ താഴെയായി. തിങ്കളാഴ്ച രാവിലെ എട്ടു വരെയുള്ള കണക്കു പ്രകാരം ഉപഭോഗം 69.62 ദശലക്ഷം യൂണിറ്റാണ്.
മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ ആറു വരെ എറണാകുളം, പത്തനംതിട്ട, വയനാട്, കാസര്‍കോട് ജില്ലകളില്‍ അധികമഴ ലഭിച്ചപ്പോള്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ സാധാരണ മഴയും ലഭിച്ചു. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ഒരാഴ്ചയായി മഴ ശക്തമാണ്.