പാലക്കാട് ഇരട്ടക്കൊലപാതകം: മതസ്പര്‍ധ പരത്തുന്ന പോസ്റ്റുകള്‍; നാലുപേര്‍ക്ക് എതിരെ കേസ്

പാലക്കാട് ഇരട്ടക്കൊലപാതകം: മതസ്പര്‍ധ പരത്തുന്ന പോസ്റ്റുകള്‍; നാലുപേര്‍ക്ക് എതിരെ കേസ്

കോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട നാലുപേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കസബ, ടൗണ്‍ സ്റ്റേഷനുകളിലാണ് കേസ്. പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

സാമുദായിക ഐക്യം തകര്‍ക്കുക എന്ന ഉദ്ദേശത്തോടു കൂടി ചില സാമൂഹ്യ വിരുദ്ധര്‍ സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നിരോധനാജ്ഞ തുടരുന്ന പാലക്കാട് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പിലാക്കി. ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ലെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.