ദുബായ്:പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി പുതിയ കോടതി ദുബായില്‍ പ്രവർത്തനം ആരംഭിക്കുന്നു. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദാണ് തീരുമാനം പ്രഖ്യാപിച്ചത്. നിയമം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്നുളളത് ലക്ഷ്യം വച്ചാണ് പുതിയ കോടതി പ്രഖ്യാപിച്ചത്.
കോടതി നടപടികളുടെ സമയം ലാഭിക്കുകയും എളുപ്പമാക്കുകയും കുടുംബ ബന്ധങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുകയെന്നുളളതാണ് പുതിയ കോടതിയുടെ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് ലക്ഷം ദിർഹത്തില്‍ കൂടുതലുളള പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ടുളള കേസുകളാണ് ഈ കോടതി പരിഗണിക്കുക.
കേസ് രജിസ്റ്റർ ചെയ്ത് 30 ദിവസത്തിനകം വാദം ആരംഭിക്കണമെന്നും ഒരു വർഷത്തിനകം വിധി പറയണമെന്നും നിർദ്ദേശമുണ്ട്. ഈ കോടതി പുറപ്പെടുവിക്കുന്ന വിധികള്‍ അന്തിമമായിരിക്കും. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് അപ്പീല്‍ നല്‍കാനുളള അവസരവുമുണ്ട്. പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട് തൊഴിൽ, സിവിൽ, വാണിജ്യ, സ്വത്ത് കേസുകളെല്ലാം ഈ കോടതി പരിഗണിക്കും.