വൈദ്യുതി ഭവന്‍ വളയല്‍ സമരം ഇന്ന്: നടപടി എടുക്കുമെന്ന് മാനേജ്‌മെന്റ്; പിന്നോട്ടില്ലെന്ന് അസോസിയേഷന്‍

 വൈദ്യുതി ഭവന്‍ വളയല്‍ സമരം ഇന്ന്: നടപടി എടുക്കുമെന്ന് മാനേജ്‌മെന്റ്; പിന്നോട്ടില്ലെന്ന് അസോസിയേഷന്‍

തിരുവനന്തപുരം: ഇന്നു നടത്തുന്ന വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിന് കെ.എസ്.ഇ.ബി മാനേജ്‌മെന്റ് അനുമതി നിഷേധിച്ചെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍. നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടികള്‍ പൂര്‍ണമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്ന് തലസ്ഥാനത്തെത്തുന്ന മന്ത്രി കെ.കൃഷ്ണന്‍കുട്ടി അംഗീകൃത ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താനിരിക്കെയാണ് പ്രതിഷേധ സംഗമ പരിപാടി.

ഓഫീസര്‍മാര്‍ ട്രേഡ് യൂണിയന്‍ പരിധിയില്‍ അല്ലാത്തതിനാല്‍ ഈ ചര്‍ച്ചയില്‍ ഓഫീസേഴ്‌സ് അസോസിയേഷനില്ല. മന്ത്രിയെ നേരിട്ടു കണ്ട് സംസാരിക്കാന്‍ അസോസിയേഷന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഉറപ്പൊന്നും കിട്ടിയിട്ടില്ല.

അസോസിയേഷന്‍ നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സാഹചര്യത്തില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന നിലപാടിലാണ് വൈദ്യുതി മന്ത്രിയും മാനേജ്‌മെന്റും. എന്നാല്‍ അച്ചടക്ക നടപടികള്‍ തുടരുന്നതും പഴയ തസ്തികകള്‍ നല്‍കാതിരുന്നതും അന്യായമാണെന്ന നിലപാടിലാണ് അസോസിയേഷന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.