തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാര്‍ സമരം പിന്‍വലിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പിന്‍വലിക്കേണ്ടത് ബോര്‍ഡിന്റെ നിയമപരമായ നടപടിക്രമമാണ്. അതില്‍ തീരുമാനമെടുക്കേണ്ടത് ബോര്‍ഡ് മാത്രമാണ്. ബോര്‍ഡും യൂണിയനും തമ്മില്‍ ചര്‍ച്ച ചെയ്ത് ഇക്കാര്യം പരിഹരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരുടെയും നേതാക്കളുടേയും കാര്യത്തില്‍ മന്ത്രി അല്ല തീരുമാനം എടുക്കുന്നത്. ഇക്കാര്യത്തില്‍ വൈദ്യുതി ബോര്‍ഡും ചെയര്‍മാനും മാനേജ്‌മെന്റും തീരുമാനമെടുക്കട്ടെ എന്നാണ് മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. പ്രശ്‌നം അവര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. മന്ത്രി എന്ന നിലയില്‍ പ്രശ്‌ന പരിഹാരത്തിന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തില്‍ വിട്ടു വീഴ്ച ഇല്ലെന്നാണ് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ബി. അശോക് പറയുന്നത്. സ്ഥലം മാറ്റിയത് ബോര്‍ഡിന്റെ തീരുമാനമാണ്. കുറ്റം സമ്മതിച്ചുള്ള അപേക്ഷയില്‍ അനുഭാവ പൂര്‍ണമായ സമീപനമാണ് എടുത്തതെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നുമാണ് അശോക് പറഞ്ഞത്.
അതേസമയം ചെയര്‍മാന്റെ എതിര്‍പ്പ് അവഗണിച്ച് കെ.എസ്.ഇ.ബി ആസ്ഥാനം വളഞ്ഞു കൊണ്ടുള്ള തൊഴിലാളി സംഘടനകളുടെ സമരം പൊലീസ് തടഞ്ഞു. പൊലീസ് തടഞ്ഞാല്‍ റോഡിലിരുന്ന് സമരം ചെയ്യുമെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എംജി സുരേഷ് കുമാര്‍ വ്യക്തമാക്കി.
അതേസമയം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ ഏപ്രില്‍ അഞ്ച് മുതല്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് കണക്കാക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാനും അറിയിച്ചു.