കൊച്ചി: ഹൈക്കോടതിയില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് ഒന്നര മാസം കൂടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുവദിച്ചിരിക്കുന്നത്. മെയ് 30നു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഇനി കൂടുതല്‍ സമയം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുതെന്നും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നില്ലെന്നു ഡിജിപി ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
തുടരന്വേഷണത്തിനു മൂന്നു മാസം അനുവദിക്കണം എന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടു വച്ചത്. വിശദമായ അന്വേഷണം അനിവാര്യമാണെന്നും ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചു പ്രതികളില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നുമായിരുന്നു ആവശ്യം.
ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടരന്വേഷണത്തിനു സമയം നീട്ടി നല്‍കരുതെന്ന നിലപാടാണ് ദിലീപ് കോടതിയില്‍ സ്വീകരിച്ചത്. കള്ള തെളിവ് ഉണ്ടാക്കാനാണ് പ്രോസിക്യൂഷന്‍ അന്വേഷണ സമയം നീട്ടി ചോദിച്ചിരിക്കുന്നത് എന്നായിരുന്നു പ്രതികളുടെ വാദം.