തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടു പോവുകയാണെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫിന്റെ കെ റെയില്‍ രാഷ്ട്രീയ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
എന്ത് ചെയ്താലും വികസന പദ്ധതിയെ എതിര്‍ക്കുന്നവരോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ലെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. വരും തലമുറയെ കണ്ടു കൊണ്ടുളള വികസനമാണ് വേണ്ടതെന്നും നിര്‍ഭാഗ്യവശാല്‍ ചിലര്‍ പ്രതിഷേധത്തിലേക്ക് വരുന്നതായും പിണറായി വിമര്‍ശിച്ചു.
അന്തര്‍ദേശീയ തലത്തില്‍ വരെ കേരളാ മോഡല്‍ പഠനമാക്കുന്നുണ്ട്. മാതൃകാപരമാണ് കേരള മോഡല്‍ വികസനം. കിഫ്ബി വഴി 50,000 കോടിയുടെ വികസനം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ 60,000 കോടിയുടെ വികസനം നടപ്പാക്കി. ദേശീയ പാതകളുടെ അവസ്ഥ മോശമായിരുന്നതായും ഇത് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തി പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വികസന പദ്ധതികളെയും എതിര്‍ക്കുന്ന ചില സംഘടനകളുണ്ട്. ഇവര്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു. ഒരു വര്‍ഗീയ ശക്തിയോടും സന്ധി ചെയ്യില്ല. ഇത്തരം ശ്രമങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.