കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിമൊഴികള്‍ അട്ടിമറിച്ചതിന്റെ കൂടുതല്‍ ശബ്ദ രേഖകള്‍ പുറത്ത്. ദിലീപിന്റെ സഹോദരന്‍ അനൂപും അഭിഭാഷകന്‍ രാമന്‍പിള്ളയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
കേസിലെ പ്രതിയായ പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ സാക്ഷിയായ അനൂപിനെ അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിക്കുന്നത്. കേസില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കിയത് 2017 ഏപ്രില്‍ 17 നായിരുന്നു. ഏപ്രില്‍ 10നാണ് ജയിലില്‍ വെച്ച് സുനില്‍ ദിലീപിന് കത്ത് എഴുതിയത്. ഈ കത്ത് ദിലീപിന് കൈമാറാന്‍ സുനിയുടെ ആവശ്യപ്രകാരം വിഷ്ണു ദിലീപിന്റെ വിട്ടിലെത്തിയിരുന്നു. പിന്നീട് ദിലിപിന്റെ മാനേജര്‍ അപ്പുണ്ണിയെ കണ്ട് ഇക്കാര്യം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ എങ്ങനെ തിരുത്തണമെന്ന് സംഭാഷണത്തിലുണ്ട്. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈല്‍ ഫോണില്‍ ഇത് റെക്കോഡ് ചെയ്യുകയായിരുന്നു. അനൂപിന്റെ ഫോണ്‍ പരിശോധനയില്‍ ലഭിച്ച തെളിവ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടിയ്ത്ത് കൈമാറി.
കേസില്‍ അഭിഭാഷകന്‍ ചട്ടം ലംഘിച്ച് എങ്ങനെ ഇടപെട്ടു എന്നതിന്റെ തെളിവായാണ് ഓഡിയോ കൈമാറിയത്. ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവിനെതിരായ മാധ്യമവാര്‍ത്തകള്‍ക്കുള്ള വിലക്ക് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നു.
അതേസമയം അനൂപും അഭിഭാഷകനും തമ്മിലുള്ള മറ്റൊരു സംഭാഷണം ഇന്നലെ പുറത്തു വന്നിരുന്നു. ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനോട് പറയുന്നതായിരുന്നു ശബ്ദരേഖ.
മഞ്ജു മദ്യപിക്കാറുണ്ടോയെന്ന അഭിഭാഷകന്റെ ചോദ്യത്തിന് തനിക്ക് അറിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നുമാണ് അനൂപ് മറുപടി നല്‍കിയത്. എന്നാല്‍ മഞ്ജു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നത് ശബ്ദരേഖയില്‍ ഉണ്ട്. ദിലീപ് കഴിഞ്ഞ പത്തുവര്‍ഷമായി മദ്യപിക്കാറില്ലെന്ന് പറയണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുന്നുണ്ട്.