തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ദുരന്ത നിവാരണ നിയമ പ്രകാരമാണ് ഉത്തരവ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും.
ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്നാട്ടിലും മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ. കേരളത്തില്‍ പിഴ എത്രയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴയീടാക്കുന്നത് ഒഴിവാക്കിയിരുന്നു.
കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അവലോകന യോഗത്തിനു ശേഷം അറിയിച്ചിരുന്നു. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്സിനേഷന്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധം ശക്തിപ്പെടുത്തണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് വര്‍ധിച്ചാല്‍ പ്രായമായവരെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ ഡോസ് നല്‍കാന്‍ പ്രോത്സാഹിപ്പിക്കണം. വാക്സിനേഷന്‍ പരമാവധി ആളുകളില്‍ എത്തിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്സിനേഷന്‍ ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.