കൊച്ചി: നടിയുടെ പീഡന പരാതിയില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരേ അന്വേഷണം ശക്തമാക്കി പോലീസ്. നടനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഒളിവിലാണെന്നാണ് എറണാകുളം ഡിസിപി വി.യു കുര്യക്കോസ് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ രണ്ടാമതൊരു കേസ് കൂടി എടുക്കുമെന്നും ഡിസിപി അറിയിച്ചു.
അതേസമയം താന്‍ ഒളിവിലല്ല ഇപ്പോള്‍ ദുബായിലുണ്ടെന്ന് വിജയ് ബാബു പറഞ്ഞു. ഒളിവിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ താരം തന്നെ ആര്‍ക്കും ബന്ധപ്പെടാമെന്നും അറിയിച്ചു.
ഈ കേസില്‍ ഇര താനാണെന്നും തനിക്ക് നീതി വേണമെന്നും താരം പ്രതികരിച്ചു. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് ചൂഷണം ചെയ്‌തെന്നാണ് യുവ നടിയുടെ പരാതി. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഗുരുതര വകുപ്പുകളാണ് നടനെതിരേ ചുമത്തിയിരിക്കുന്നത്.
അതേസമയം, വിജയ് ബാബു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. വെള്ളിയാഴ്ചയാകും കോടതി ഹരജി പരിഗണിക്കുക. പരാതിക്കാരിയുടെ ആരോപണം അടിസ്ഥന രഹിതമാണെന്ന് വാദിച്ചുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.