കുവൈറ്റ് സിറ്റി: കുവൈത്തിലെ വിവിധ സംഘടനാ കലാ സാംസ്കാരിക പ്രവർത്തകരെ ചേർത്തു നിർത്തിക്കൊണ്ട് തനിമ കുവൈത്ത് സംഘടിപ്പിച്ച 'സൗഹൃദത്തനിമ' ഇഫ്താറും രക്തദാനവും ഇന്ത്യൻ അംബാസ്ഡർ സിബി ജോർജ്ജ് ഉത്ഘാടനം ചെയ്തു.
മതേതര സാഹോദര്യവും സേവനതത്പരതയും കൈമുതലാക്കി തനിമ നടത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും എല്ലാവർക്കും ഇത് മാതൃകയാക്കാവുന്നതാണെന്നും പരസ്പരം കൈത്താങ്ങായ് നിന്നാൽ നമുക്ക് വിജയം, സുനിശ്ചിതമാണെന്നും സിബി ജോർജ്ജ് ഓർമ്മപ്പെടുത്തി.
പ്രോഗ്രാം കൺവീനർ ദിലീപ് ഡി.കെ. അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഷൈജു പള്ളിപ്പുറം സ്വാഗതവും ബാബുജി ബത്തേരി ആമുഖപ്രസംഗവും നടത്തി. സക്കീർ ഹുസ്സൈൻ തൂവൂർ, ബാലമുരളി കെ.പി, ഫാ. മാത്യു എം. മാത്യു എന്നിവർ മതസൗഹാർദ്ധവും സഹവർത്തിത്വവും നിലനിൽക്കേണ്ട സാഹചര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് റമദാൻ സന്ദേശം കൈമാറി.
ഇന്ത്യൻ അംബാസ്ഡർ സിബി ജോർജ്ജിനോടൊപ്പം കുവൈത്ത് ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൺ ഹിന്ദ് ഇബ്രാഹിം അൽഖുത്തൈമി, പ്രിൻസിപ്പൾ സബാഹത്ത് ഖാൻ, ബാബുജി ബത്തേരി, ദിലീപ് ഡി.കെ, ഫ്രെഡി ഫ്രാൻസീസ്, വിജേഷ് വേലായുധൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.
തനിമയുടെ 18 വർഷത്തെ കലാ കായിക സാംസ്കാരിക വിദ്യാഭ്യാസ ആതുരസേവന രംഗങ്ങളിലെ വിപുലമായ പ്രവർത്തനങ്ങളുടെ വീഡിയോ പ്രെസന്റേഷൻ കാണികളിൽ അത്ഭുതം ഉളവാക്കി.
പുതുവത്സര തനിമയുടേ ഭാഗമായ് സംഘടിപ്പിച്ച ബിൽഡിംഗ് ഡെക്കറേഷൻ വിജയികൾക്കുള്ള സമ്മാനദാനവും തുടർ വിദ്യാഭ്യാസാർത്ഥം നാട്ടിലേക്ക് പോകുന്ന കുട്ടിത്തനിമാംഗങ്ങൾക്കുള്ള മെമെന്റോയും വിതരണം ചെയ്തു.
കുവൈത്തിലെ വിവിധ ഏരിയയിൽ നിന്ന് വന്ന 200ഓളം സേവനസന്നദ്ധരായ പ്രവാസികൾ രക്തദാനം ചെയ്തു. ലിറ്റി ജേക്കബ് പരിപാടികൾ നിയന്ത്രിച്ചു. ഉഷ ദിലീപ് പങ്കെടുത്തവർക്കും അഭ്യുദേയകാംക്ഷികൾക്കും രക്തദാതാക്കൾക്കും നന്ദി അറിയിച്ചു.






