കൊച്ചി: വിജയ് ബാബുവിനെതിരായ പീഡനപരാതിയില്‍ താരസംഘടനയായ അമ്മയില്‍ ഭിന്നത രൂക്ഷമാകുന്നു. വിജയ് ബാബുവിന്റെ വിഷയത്തില്‍ അമ്മയുടെ മൃദുസമീപനത്തില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു.
ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷ കൂടിയാണ് ശ്വേതാ മേനോന്‍. ഇ മെയില്‍ വഴിയാണ് അമ്മ നേതൃത്വത്തിന് ഇരുവരും രാജിക്കത്ത് കൈമാറിയിട്ടുള്ളത്. ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും കഴിഞ്ഞദിവസം നടി മാലാ പാര്‍വതി രാജിവെച്ചിരുന്നു.
വിജയ് ബാബു വിഷയത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും അമ്മയുടെ എക്‌സിക്യുട്ടിവ് മീറ്റിംഗില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്തിരുന്നില്ല. ഇതാണ് ഐസിസിയില്‍ നിന്നുള്ള രാജിക്ക് കാരണം. റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ വിജയ് ബാബുവിന്റെ കത്ത് അമ്മ സ്വീകരിക്കുകയും, നടന്‍ തത്ക്കാലത്തേക്ക് അമ്മയില്‍ നിന്ന് മാറിനില്‍ക്കുകയുമായിരുന്നു.