തിരുവനന്തപുരം: വര്‍ഷത്തില്‍ പത്തുദിവസത്തെ യോഗ പരിശീലനം ഈവര്‍ഷം മുതല്‍ തന്നെ എംബിബിഎസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് കാലയളവില്‍ പ്രവേശനം നേടിയവര്‍ക്കാണ് പരിശീലനം നടപ്പാക്കുകയെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ വ്യക്തമാക്കി.
ഇതിനായി ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ നടപടിക്രമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യോഗ പരിശീലനത്തിന്റെ ഐകരൂപ്യം നിലനിര്‍ത്തുന്നതിനായി മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ വികസിപ്പിച്ചെടുത്ത പ്രോട്ടോക്കോളാണ് കോളേജുകള്‍ പിന്തുടരേണ്ടത്. ഇതിനായുള്ള പോര്‍ട്ടല്‍ ലിങ്കുകളും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുപുറമേ വിശദവിവരങ്ങളടങ്ങിയ ഡിജിറ്റല്‍ ലഘുപുസ്തകം ആയുഷിന്റെ യോഗ പോര്‍ട്ടലിലും ലഭ്യമാണ്. നിര്‍ദേശം ഈ വര്‍ഷംതന്നെ നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.