കല്‍പ്പറ്റ: ബന്ധു വീട്ടില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാര്‍ വയല്‍ അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിന്‍ (22) ആണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ചാണ് നിതയെ കൊലപ്പെടുത്തിയത്.
നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവന്‍ അബ്ദുള്‍ റഷീദിന്റെ വീട്ടില്‍ രണ്ടു വയസുള്ള മകനുമായി ഇന്നലെ എത്തിയതായിരുന്നു ഇവര്‍. മുകളിലെ മുറിയിലാണ് ഇവര്‍ താമസിച്ചത്. തുടര്‍ന്ന് രാത്രിയില്‍ കൃത്യം നടത്തിയ ശേഷം സിദ്ദിഖ് കോഴിക്കോടുള്ള സഹോദരനെ വിളിച്ചറിയിക്കുകയായിരുന്നു.
സഹോദരന്‍ കോഴിക്കോട് നിന്ന് വീട്ടുകാരെ വിളിച്ചുണര്‍ത്തി കാര്യം അറിയിക്കുമ്പോഴാണ് ഇവര്‍ കൊലപാതക വിവരം അറിയുന്നത്. പനമരം പോലീസെത്തി സിദ്ധിഖിനെ കസ്റ്റഡിയിലെടുത്തു.