കൊല്ലം: മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ വീട്ടില്‍ മോഷണം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷിനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയില്‍ നിന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15 പവന്‍ സ്വര്‍ണം ഉരുക്കിയ നിലയിലും പിടിച്ചെടുത്തു. കന്യാകുമാരി സ്വദേശിയാണ് പ്രതി.
കൊല്ലം സിറ്റി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലം കടപ്പാക്കടയിലെ കുടുംബ വീട്ടില്‍ കവര്‍ച്ച നടന്നത്. അന്‍പത് പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായിരുന്നു. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്ന ശേഷം ഗ്ലാസ് വാതിലുകളും തകര്‍ത്താണ് മോഷണം.
താഴത്തെ നിലയിലെ അലമാരിയില്‍ നിന്ന് 47 പവന്‍ സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ സ്വര്‍ണമാണ് മോഷണം പോയവ. ഷിബു ബേബി ജോണ്‍ നിലവില്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് തന്നെയാണ് കുടുംബവീട്.