കൊച്ചി: ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇയാളെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയില്‍ ശരത്തും പങ്കാളിയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ ആറാം പ്രതിയാണ് ആലുവയിലെ വ്യവസായിയായ ശരത്.
സാധാരണ കുടുംബത്തില്‍ ആണ് ശരത് എന്ന ശരത് ജി നായരുടെ ജനനം. എന്നാല്‍ ശരത്തിന്റെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ഇന്ന് ഇരുപത്തിയഞ്ചോളം ടൂറിസ്റ്റ് ബസുകളുടെ ഉടമയാണ് ഇദ്ദേഹം. ഊട്ടിയില്‍ സ്വന്തമായി റിസോര്‍ട്ടുമുണ്ട്. ഇതുകൂടാതെ ആലുവയില്‍ വാടക കെട്ടിടത്തില്‍ ഒരു ഹോട്ടലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ശരത്തും കുടുംബവും ആലുവയില്‍ എത്തിയിട്ട് ഏകദേശം 23 വര്‍ഷമായി. ആലുവയില്‍ തോട്ടുംമുഖത്തെ വാടകവീട്ടിലായിരുന്നു ശരത്തും കുടുംബവും അന്നു താമസിച്ചിരുന്നത്. അന്ന് ശരത്തിന്റെ പിതാവ് ആലുവയിലെ ഒരു ചെറിയ ഹോട്ടല്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു. നടന്‍ ദിലീപുമായി പരിചയപ്പെട്ടതോടെയാണ് ശരതിന്റെ സാമ്പത്തിക വളര്‍ച്ച തുടങ്ങുന്നതെന്നാണ് പരിചയക്കാര്‍ പറയുന്നത്.