ആലപ്പുഴ : ഭാരതം ഞെട്ടിത്തരിച്ച മതവെറി മുദ്രാവാക്യം ഉയർന്ന ആലപ്പുഴയുടെ മണ്ണിൽ രാജ്യത്തെ തകർക്കുന്ന വർഗീയതയ്ക്കെതിരെ മതേതരത്വത്തിന് മുഖമാകാനുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വത്തെ ഓർമ്മിപ്പിച്ചുകൊണ്ട് കെസിവൈഎം സമാധാന കൂട്ടായ്മയും ദീപം തെളിക്കലും നടത്തി. ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മതേതരത്വ ചിന്തകളെയും ജനാധിപത്യമൂല്യങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട് പോപ്പുലർ ഫ്രണ്ട് , എസ് ഡി പി ഐ എന്നീ സംഘടനകൾ ശനിയാഴ്ച നടത്തിയ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതിൽ പ്രതിഷേധിച്ചാണ് കെസിവൈഎം ഇത്തരത്തിലൊരു കൂട്ടായ്മ ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്ക് ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചത്.
പിഞ്ചു മനസ്സുകളിൽ പോലും വർഗീയ വിഷം കുത്തി വയ്ക്കുന്ന ഇത്തരം തീവ്രവാദ ശ്രമങ്ങളെ ഉന്മൂലനം ചെയ്യണമെന്ന് കെസിവൈഎം പ്രസിഡന്റ് ഷിജോ മാത്യു ഇടയാടിൽ സമ്മേളനത്തിൽ സൂചിപ്പിച്ചു.
ലോകസമാധാനത്തിനായി മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടി യുവജനങ്ങൾ സമാധാന ദീപം തെളിയിച്ചു പ്രാർത്ഥിച്ചു.സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ്, ആലപ്പുഴ രൂപത പ്രസിഡന്റ് വർഗീസ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം ഇമ്മാനുവൽ രൂപതാ ട്രഷറർ ലിനു വി ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.