തൃശൂര്‍: ചാലക്കുടിയില്‍ കാറിലെത്തിയ രണ്ടുപേര്‍ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്‌തെന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പരാതി വ്യാജമെന്ന് പോലീസ്. പെണ്‍കുട്ടിയും കൂട്ടുകാരിയും ചേര്‍ന്ന് മുടി മുറിക്കുകയായിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയുമ്പോള്‍ മാതാപിതാക്കള്‍ വഴക്കു പറയുമെന്ന ഭയത്തിലാണ് ഇത്തരത്തില്‍ കള്ളം പറഞ്ഞതെന്ന് പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പെണ്‍കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് സത്യം പുറത്ത് വന്നത്. സുഹൃത്തിന്റെ വീട്ടില്‍ പുസ്തകം മടക്കി നല്‍കാനായി പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ വെച്ച് സുഹൃത്താണ് പെണ്‍കുട്ടിയുടെ സമ്മതത്തോടെ മുടി മുറിച്ചത്.
വീട്ടുകാരുടെ ശകാരം ഭയന്നാണ് ഭാവനയില്‍ നിന്ന് ആക്രമിക്കപ്പെട്ടെന്ന് ഒരു കഥയുണ്ടാക്കിയത്. എന്നാല്‍ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചതോടെ സംഭവം കൈവിട്ട് പോവുകയായിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും കുടുംബവുമാണ് അജ്ഞാതരായ രണ്ട് പേരുടെ മര്‍ദ്ദനമേറ്റെന്നും മുടി മുറിച്ചെന്നുമുള്ള പരാതിയുമായി കൊരട്ടി പോലീസ് സ്റ്റേഷനിലെത്തിയത്.
വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നാണ് പെണ്‍കുട്ടി വീട്ടുകാരോടും പോലീസിനോടും പറഞ്ഞത്. മര്‍ദ്ദനത്തിന് ശേഷം തന്റെ മുടിയും മുറിച്ചു കളഞ്ഞുവെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.