തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.
കേരളത്തില്‍ ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
അറബിക്കടലിലെ കാലവര്‍ഷക്കാറ്റിന്റെയും കേരള- കര്‍ണാടക മേഖലയിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനമാണു കാരണം. കേരള തീരത്ത് ഇന്നു മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്തു തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഞായറാഴ്ച എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. സാധാരണ ജൂണ്‍ ഒന്നിനു തുടങ്ങേണ്ട കാലവര്‍ഷം മൂന്നു ദിവസം മുമ്പേയാണ് എത്തിയത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതു മൂന്നാം തവണയാണ് ജൂണ്‍ ഒന്നിനു മുന്‍പ് കാലവര്‍ഷം എത്തുന്നത്. 2017, 2018 വര്‍ഷങ്ങളിലുമായിരുന്നു മുന്‍പ്. തുടക്കത്തില്‍ കാര്യമായ മഴ പ്രതീക്ഷിക്കേണ്ടെന്നും ജൂണ്‍ പകുതിയോടെ ശക്തമാകും എന്നുമാണ് കണക്കുകൂട്ടല്‍.