ഒമാൻ: പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്കി. കോവിഡ് പ്രതിരോധ വാക്സിന് എടുക്കാത്തവർക്കും ഇനി ഒമാനിലെത്താം.
നിബന്ധനകളൊന്നുമില്ലാതെ രാജ്യത്തേക്ക് എത്താമെന്ന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നേരത്തെ, നിയന്ത്രണങ്ങളുടെ ഭാഗമായി വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഇ-മുഷ്രിഫ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂന്‍സ് എന്നീ കാര്യങ്ങള്‍ യാത്രയ്ക്ക് നിർബന്ധമായിരുന്നു. ഇതാണ് ഇപ്പോള്‍ നീങ്ങുന്നത്.
അതേസമയം, കോവിഡ് കേസുകളില്‍ കുറവുണ്ടായ സാഹചര്യത്തില്‍ പ്രതിരോധത്തിനായി രൂപീകൃതമായ കമ്മിറ്റിയുടെ പ്രവർത്തനങ്ങളും അവസാനിപ്പിച്ചു. കമ്മിറ്റിയുടെ പ്രവർത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനം എടുത്തിരുന്നു.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് കമ്മിറ്റി നിലവില്‍ വന്നത്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കോവിഡ് വ്യാപനം തടയുന്നതില്‍ സുപ്രീം കമ്മിറ്റി നിർണായക പങ്ക് വഹിച്ചു.