കൊച്ചി: ഇത് യുഡിഎഫിന്റെ പുന്നാപുരംകോട്ട തന്നെയെന്ന് തെളിയിച്ച് തിരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്തരിച്ച പി.ടി തോമസിന്റെ പത്‌നിയുമായ ഉമാ തോമസിന്റെ ഭൂരിപക്ഷം അനുനിമിഷം കുതിക്കുകയാണ്. വോട്ടെണ്ണല്‍ എട്ട് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ലീഡ് 20,481 ആണ്.
എല്‍ഡിഎഫ് കേന്ദ്രങ്ങളിലും യുഡിഎഫ് വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്. പോളിങ് ശതമാനം കുറഞ്ഞെങ്കിലും യുഡിഎഫ് വോട്ടുകളില്‍ കാര്യമായ കുറവ് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും അപ്രതീക്ഷിത വിജയത്തില്‍ ആറാടുമ്പോള്‍ ഇടതു മുന്നണി പ്രവര്‍ത്തകരും നേതാക്കളും പൊതുവേ മൗനത്തിലാണ്. പരാജയം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയത്തില്‍ ആറാടുന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ രോഷമേറെയും കോണ്‍ഗ്രസ് വിട്ട കെ.വി തോമസിനോടാണ്. അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയം കൊണ്ടാടുന്നത്.
വിജയത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ വരട്ടേയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രതികരണം. വോട്ടുകള്‍ ഇനിയും എണ്ണാനുണ്ടല്ലോ എന്നായിതുന്നു ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന്റെ പ്രതികരണം. ഇടത് കേന്ദ്രങ്ങള്‍ കനത്ത നിരാശയിലാണ്.
പി.ടിതോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഡോ.ജോ ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനും അങ്കക്കളരിയിലുണ്ട്.