കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കിംഗ് മേക്കറാകുമെന്ന് കരുതിയിരുന്ന കെ.വി തോമസിനെതിരേ പോസ്റ്ററുകളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഉമ തോമസ് ജയിക്കുമെന്ന് ഉറപ്പായതോടെ കൗണ്ടിങ്ങ് സെന്ററിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോമസിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ കത്തിച്ചു. കെ.വി തോമസ് താമസിക്കുന്ന വീടിന് മുന്നിലും പ്രകടനം നടന്നു.
ഒരുകൂട്ടം പ്രവര്‍ത്തകര്‍ നഗരത്തില്‍ തിരുത മീന്‍ വില്‍പനയും നടത്തി. വഴിയെ വരുന്നവര്‍ക്ക് സൗജന്യമായി മീന്‍ നല്‍കിയായിരുന്നു പ്രവര്‍ത്തകരുടെ ആഘോഷം. അതേസമയം ഉമ തോമസിന്റെ ജയത്തിനു പിന്നാലെ തോമസിന്റെ ഫേസ്ബുക്ക് പേജും അപ്രത്യക്ഷമായിട്ടുണ്ട്. രാവിലെ മുതല്‍ തോമസിന്റെ ഫേസ്ബുക്ക് പേജില്‍ സന്ദര്‍ശകരുടെ കമന്റുകള്‍ നിറഞ്ഞിരുന്നു.
ഉമ തോമസിന് വന്‍ വിജയം ലഭിച്ചത് സിപിഎം പരിശോധിക്കട്ടെയെന്ന് കെ.വി തോമസ് പറഞ്ഞു. ഫീല്‍ഡില്‍ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലില്‍ വ്യക്തമാണ്. കേരളം പലപ്പോഴും വികസന മുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നും തോമസ് പറഞ്ഞു. ഇപ്പോഴും സോണിയ ഗാന്ധി ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റബന്ധമാണ് തുടരുന്നത്. ജയം ഉറപ്പിച്ച ഉമാ തോമസിനെ അഭിനന്ദിക്കുന്നതായും തോമസ് പറഞ്ഞു.