ലക്ഷങ്ങളുടെ ലഹരി മരുന്നുമായി കരുനാഗപ്പള്ളിയില്‍ ഒരാള്‍ പിടിയില്‍; കൊല്ലം ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട

ലക്ഷങ്ങളുടെ ലഹരി മരുന്നുമായി കരുനാഗപ്പള്ളിയില്‍ ഒരാള്‍ പിടിയില്‍; കൊല്ലം ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട

കൊല്ലം: കരുനാഗപ്പള്ളിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 52 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. കേരളപുരം സ്വദേശി അജിത്തിനെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ലഹരി മരുന്നിന് ലക്ഷങ്ങള്‍ വിലവരുമെന്നും കൊല്ലം ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിതെന്നും പൊലീസ് വ്യക്തമാക്കി.

അജിത്തില്‍ നിന്ന് ലഹരി മരുന്ന് വാങ്ങി ഉപയോഗിക്കുന്നവര്‍ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് ബെംഗ്‌ളൂരുവില്‍ നിന്ന് ലഹരി മരുന്ന് കൊണ്ടു വരുന്ന അജിത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിടിയിലായ അജിത്ത് നേരത്തെയും പലതവണ ബെംഗ്‌ളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിച്ച് വില്‍പ്പന നടത്തിയിട്ടുണ്ടെന്നും ഇയാള്‍ പ്രധാന ലഹരി വിതരണക്കാരനാണെന്നും പൊലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.