ആലുവ: ആലുവ മണപ്പുറം പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ പിതാവും രണ്ട് മക്കളും മുങ്ങി മരിച്ചു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളായ കൃഷ്ണപ്രിയ (16), ഏകനാഥ് (12) എന്നിവരുമാണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിന് മുകളില്‍ കയറി അച്ഛനും രണ്ട് കുട്ടികളും കൂടി പെരിയാര്‍ നദിയിലേക്ക് ചാടുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് കുട്ടികളും മുങ്ങിമരിച്ചു. അച്ഛന് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നെങ്കിലും പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഉല്ലാസ് ആദ്യം ആണ്‍കുട്ടിയെ പുഴയിലേക്ക് എടുത്തിടുകയായിരുന്നു. ഇതുകണ്ട് കരയുകയായിരുന്ന പെണ്‍കുട്ടിയെയും ബലം പ്രയോഗിച്ച് പുഴയിലേക്ക് എടുത്തിട്ട ശേഷം ഉല്ലാസും ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇടപ്പള്ളി പള്ളിയില്‍ പോകുന്നു എന്നു പറഞ്ഞാണ് പോയതെന്ന് ഉല്ലാസിന്റെ ഭാര്യ രാജി പറഞ്ഞതായി പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.