തിരുവനന്തപുരം/കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി കയറിയ തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് സംഭവം. പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദിന്‍ മജീദ്, ജില്ല സെക്രട്ടറി നവീന്‍ കുമാര്‍ അടക്കം മൂന്ന് പേരാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ അടുത്തേക്കു മുദ്രാവാക്യം വിളിയുമായി നീങ്ങിയ ഇവരെ ഒപ്പമുണ്ടായിരുന്നവര്‍ തള്ളിമാറ്റി. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രതിഷേധക്കാതെ തള്ളിയിടുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇ.പി ജയരാജന്‍ പ്രതിഷേധക്കാരെ കൈയേറ്റം ചെയ്തായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രതിഷേധം. വിമാനത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചാണ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. എന്നാല്‍, ആശുപത്രി ആവശ്യം പറഞ്ഞാണ് പ്രതിഷേധക്കാര്‍ യാത്രയ്ക്ക് അനുമതി നേടിയത്.