കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി. സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും പദ്ധതി ഉപേക്ഷിക്കാതെ പിന്നോട്ടില്ലെന്നുമാണ് സമരസമിതിയുടെ നിലപാട്. ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച രണ്ടാം വാര്‍ഷിക ദിനത്തില്‍ ഡിപിആര്‍ കത്തിച്ചാണ് പുതിയ സമരപരിപാടികള്‍ക്ക് തുടക്കമിട്ടത്.
സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പരിപാടി രക്ഷാധികാരി പി.പി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോവുകയാണെന്ന് പറയുന്ന സര്‍ക്കാര്‍ മറുഭാഗത്ത് പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണെന്ന് സമിതി പറയുന്നു. ഈ സാഹചര്യത്തിലാണ് വേറിട്ടൊരു പ്രതിഷേധത്തിന് സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി തയാറായത്.
പദ്ധതി ഉപേക്ഷിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകും. കൂടുതല്‍ ജനങ്ങളെ സമരത്തില്‍ വരും ദിവസങ്ങളില്‍ അണി നിരത്തും. നിലവില്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്നുണ്ട്. കോടതി ഉത്തരവിന് അനുസരിച്ച് കാര്യങ്ങളില്‍ തീരുമാനം എടുക്കുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.