തിരുവനന്തപുരം: വിഴിഞ്ഞം ബൈപാസില്‍ മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ചൊവ്വര സ്വദേശി ശരത്, നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്.
വിഴിഞ്ഞം കല്ലുവെട്ടാങ്കുഴിയിലാണ് അപകടം. ഉടന്‍ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചേകാലോടെയാണ് വിഴിഞ്ഞം ബൈപ്പാസില്‍ അപകടമുണ്ടായത്. ബൈക്ക് റേസിംഗ് തന്നെയാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു.
അപകടമുണ്ടായ ഉടന്‍ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. കൊണ്ടുപോകുമ്പോള്‍ തന്നെ ഇരുവരുടെയും നില അതീവ ഗുരുതരമായിരുന്നുവെന്ന് പൊലീസ്.
ഈ പരിസരത്ത് സ്ഥിരമായി ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് പരിശോധന ഇവിടെ സ്ഥിരം നടക്കാറുള്ളതാണ്. എന്നാല്‍ പരിശോധന കഴിയുന്നതേ റേസിംഗുമായി യുവാക്കള്‍ വീണ്ടും വരുമെന്ന് പ്രദേശവാസികള്‍ പറയുന്നു.