വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
'മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണ് ആക്രമണമെന്ന് സതീശന് ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ മോഡി സര്‍ക്കാര്‍ വേട്ടയാടുകയാണ്. ആ മോഡി സര്‍ക്കാരിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്. അവരുടെ പ്രീതിക്കു വേണ്ടിയാണ് ഇത് ചെയ്തത്. സംസ്ഥാനത്ത് ഒരു കലാപ ആഹ്വാനമാണ് ഇതെന്നും' സതീശന് പറഞ്ഞു.
എസ്എഫ്ഐ ഇത്തരത്തില്‍ പ്രകടനം നടത്തുന്നുണ്ടെന്നു ഡിസിസി ഓഫീസില്‍നിന്ന് പോലീസിനെ നേരത്തെതന്നെ അറിയിച്ചിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് തങ്ങള്‍ മാര്‍ച്ച് വച്ചാല്‍ പ്രവര്‍ത്തകര്‍ക്ക് ഇതുപോലെ മുഖ്യമന്ത്രിയുടെ വീട്ടികയറാന് സാധിക്കുമോ എന്നും സതീശന് ചോദിച്ചു.
'സംസ്ഥാനത്ത് രക്തസാക്ഷിയെ ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇവര്‍ക്കായി കൊടിപിടിച്ചു നടക്കുന്നവരോട് പറയാനുള്ളത് സ്വന്തം നേതാക്കന്മാര് തന്നെ നിങ്ങളെ വെള്ള പുതപ്പിച്ച് കിടത്തുന്ന സാഹചര്യം ഉണ്ടാക്കരുത്. സംഭവത്തില്‍ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമുള്ള നടപടികളാണ് ഉണ്ടായതെന്നും' പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.