തങ്ങളുടെ ക്ഷമ നശിച്ചാല്‍ ഒറ്റ സിപിഎമ്മുകാരനും വെളിയിലിറങ്ങി നടക്കില്ല: വെല്ലുവിളിച്ച് സുധാകരന്‍

തങ്ങളുടെ ക്ഷമ നശിച്ചാല്‍ ഒറ്റ സിപിഎമ്മുകാരനും വെളിയിലിറങ്ങി നടക്കില്ല:  വെല്ലുവിളിച്ച് സുധാകരന്‍

കല്‍പ്പറ്റ: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്ഷമ നശിച്ചാല്‍ ഒരൊറ്റ സിപിഎമ്മുകാരനും പുറത്തിറങ്ങി നടക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. എതിര്‍ക്കാനും തിരിച്ചടിക്കാനും കോണ്‍ഗ്രസിന് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഒരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിച്ച ആദ്യത്തെ സംഭവമാണ് വയനാട്ടിലേത്. ഇതിനുമുമ്പ് സമാനമായൊരു സംഭവം ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇല്ലാത്ത കാരണം പറഞ്ഞാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐക്കാര്‍ തകര്‍ത്തത്. ഇതിന്റെ പിറകില്‍ ഒരു ചാലക ശക്തിയുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഭരിക്കുന്നവരുടെ മുമ്പില്‍ എത്തിക്കേണ്ടത് ജനപ്രതിനിധികളാണ്. രാഹുല്‍ ഗാന്ധി അത് ചെയ്തിട്ടുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ ഭരണത്തിലുള്ള സര്‍ക്കാരിനും ഉത്തരവാദിത്വമില്ലേയെന്നും കെ. സുധാകരന്‍ ചോദിച്ചു.

ഒരുഭാഗത്ത് നരേന്ദ്ര മോഡിയുമായി അവിഹിത ബന്ധം. അദ്ദേഹത്തിന്റെ സ്വാധീനത്തിലൂടെ ഇ.ഡിയുടെ അന്വേഷണങ്ങള്‍ ഒഴിവാക്കുക. എല്ലാ കാര്യങ്ങളും നേടിയെടുക്കുക. അതേ ബിജെപി സര്‍ക്കാരിനെ കൊണ്ട് ചെയ്യിക്കേണ്ട ബഫര്‍സോണ്‍ കാര്യം രാഹുല്‍ ഗാന്ധി ചെയ്യണം എന്ന് പറഞ്ഞ് സമരം ചെയ്യുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.