സംഘടനയില്‍ താരപ്പോര്: 'അമ്മ' ക്ലബ്ബ് അല്ല ചാരിറ്റബള്‍ സൊസൈറ്റി; ഇടവേള ബാബു മാപ്പ് പറയണമെന്ന് കെ.ബി ഗണേഷ് കുമാര്‍

സംഘടനയില്‍ താരപ്പോര്: 'അമ്മ' ക്ലബ്ബ് അല്ല ചാരിറ്റബള്‍ സൊസൈറ്റി; ഇടവേള ബാബു മാപ്പ് പറയണമെന്ന് കെ.ബി ഗണേഷ് കുമാര്‍

കൊല്ലം: താരസംഘടനയായ 'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി നടനും പത്തനാപുരം എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍. 'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേഷ് പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ മോഹന്‍ലാല്‍ അക്കാര്യം വ്യക്തമാക്കട്ടെ എന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.

'അമ്മ' ക്ലബ്ബ് എന്ന തരത്തില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. അമ്മ ക്ലബ്ബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയില്‍ നിന്ന് രാജി വയ്ക്കുമെന്നും ഗണേഷ് വ്യക്തമാക്കി. മറ്റ് ക്ലബ്ബുകളില്‍ ചീട്ടുകളിയും, ബാറും ഒക്കെ ആണ്. അതുപോലെയാണോ 'അമ്മ' എന്നും അദ്ദേഹം ചോദിച്ചു. ക്ലബ്ബ് പരാമര്‍ശത്തില്‍ മേഹന്‍ലാലിന് കത്തെഴുതും.

വിജയ് ബാബുവിനെതിരെ അതിജീവിത പറയുന്ന കാര്യം 'അമ്മ' ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മറുപടി നല്‍കണം. വിഷയത്തെ ആദ്യം നിസാരവല്‍ക്കരിച്ചു. എന്നാല്‍ കുട്ടി പറയുന്നതില്‍ സത്യമുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ദിലീപിന്റെ മാതൃക പിന്തുടര്‍ന്ന് വിജയ് ബാബു രാജി വയ്ക്കണം. ആരോപണവിധേയന്‍ ഗള്‍ഫിലേക്ക് കടന്നപ്പോള്‍ ഇടവേള ബാബു ഒപ്പം ഉണ്ടായിരുന്നു എന്ന ഒരു ആരോപണം ഉണ്ടെന്നും ഗണേഷ് പറഞ്ഞു.

ഹൈക്കാടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനപ്പുറം സമിതി എന്ത് രൂപീകരിച്ചുവെന്നതിന് ജനറല്‍ സെക്രട്ടറി മറുപടി പറയണമെന്നും മാലാ പാര്‍വതിയും ശ്വേതാ മേനോനും എന്തിന് രാജി വച്ചു എന്നും ഗണേഷ്‌കുമാര്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം ജനറല്‍ ബോഡി തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു 'അമ്മ' ക്ലബ് ആണെന്ന് വ്യക്തമാക്കിയത്. വിജയ് ബാബുവിനെ പുറത്താക്കത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.