'കൈയ്യും വെട്ടും കാലും വെട്ടും, തല വെട്ടി ചെങ്കൊടി കെട്ടും': പ്രകോപനവുമായി എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രകടനം

'കൈയ്യും വെട്ടും കാലും വെട്ടും, തല വെട്ടി ചെങ്കൊടി കെട്ടും': പ്രകോപനവുമായി എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രകടനം

ആലപ്പുഴ: എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രകോപന മുദ്രാവാക്യവുമായി അമ്പലപ്പുഴയില്‍ സിപിഎം പ്രകടനം. എച്ച്.സലാം എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു കൊലവിളി നടത്തിയുള്ള പ്രകടനം. 'കൈയ്യും വെട്ടും കാലും വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും' എന്നായിരുന്നു പ്രകടനത്തില്‍ വിളിച്ച മുദ്രാവാക്യം. എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

എകെജി സെന്ററിനു നേരെ നടന്ന സ്‌ഫോടകവസ്തു ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച മാര്‍ച്ചില്‍ ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സലറുമായ അഡ്വ. ഒ.എം. ഭരദ്വാജ് നടത്തിയ കൊലവിളി പ്രസംഗവും വിവാദമായി.

'ഞങ്ങളും എറിഞ്ഞിട്ടുണ്ട്. ഇതുപോലെ മതിലില്‍ അല്ല, ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ ചെയ്താല്‍ ഇതുപോലെ പിപ്പിടി കാട്ടല്‍ ആവില്ല. എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം.സതീശനും സുധാകരനും ഓര്‍ത്തു കളിച്ചാല്‍ മതി' എന്നായിരുന്നു ഭരദ്വാജിന്റെ വെല്ലുവിളി.

എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം നടക്കുന്നുണ്ട്. എന്നാല്‍ സംഭവത്തിനു പിന്നില്‍ സിപിഎമ്മുകാര്‍ തന്നെയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.