സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 11ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 11ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൊഴികെയാണ് യെല്ലോ ജാഗ്രത നിർദേശം.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കാലവര്‍ഷം ഇന്നലെ രാജ്യം മുഴുവന്‍ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുകയാണെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡിഷക്ക് മുകളില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുകയാണ്. റിപ്പോര്‍ട്ട് ചെയ്ത മൂന്നില്‍ ഒന്ന് പനിക്കേസുകളും വടക്കന്‍ ജില്ലകളിലാണ്. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേര്‍ക്ക് പനി ബാധിച്ചു. രണ്ട് പേര്‍ പനി ബാധിച്ചു മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് 28,643 പേര്‍ക്കാണ് പനി ബാധിച്ചത്. കോവിഡിന് പുറമെയാണ് ഇത്.

ഇന്നലെ സംസ്ഥാനത്ത് 12 ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചു. എറണാകുളത്ത് ഇന്നലെ 19 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വയനാട്ടില്‍ ഏഴ് പേര്‍ക്ക് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.