കൊച്ചി: താര സംഘടനയായ അമ്മയില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. അമ്മ സംഘടനയിലെ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഗണേശ് കുമാര്‍ എംഎല്‍എ സംഘടനാ അദ്ധ്യക്ഷനായ മോഹന്‍ലാലിന് കത്ത് നല്‍കി.
നടന്‍ വിജയ് ബാബുവിന് എതിരെ സംഘടന നടപടി സ്വീകരിക്കാത്തതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ എന്നതുൾപ്പെടെ ഒന്‍പത് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഗണേഷ് കുമാറിന്റെ കത്ത്. ഇതില്‍ ഇടവേള ബാബുവിനെക്കുറിച്ചും പരാമര്‍ശമുണ്ട്. സംഘടനയുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെയും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ മറുപടി ലഭിച്ചില്ലെന്നും കത്തില്‍ ആരോപണമുണ്ട്.
'ഇത്തവണ കത്തിന് മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് പലരും ശബ്ദിക്കാത്തത് ആനുകൂല്യങ്ങളും അവസരവും നഷ്ടപ്പെടുമെന്ന ഭയത്താലാണ്. അമ്മ നേതൃത്വത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന ഏകാധിപത്യ ശക്തികളോട് കടുത്ത പ്രതിഷേധമുള്ളവരുടെ ശബ്ദമാകാന്‍ താന്‍ തയ്യാറാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമ്മയിലെ സഹപ്രവര്‍ത്തകരോട് വിജയ് ബാബുവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയും താന്‍ വോട്ട് ചെയ്യുകയും ചെയ്തിരുന്നു.തനിക്ക് ആരെയും ഭയമില്ല. അത് പോലെ തനിക്ക് ആരോടും വ്യക്തിപരമായി വിരോധമില്ല' എന്ന് കത്തില്‍ ഗണേഷ് കുമാര്‍ വ്യക്തമാക്കുന്നുണ്ട്.