സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണം; ഗവര്‍ണര്‍ കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തായി

സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണം; ഗവര്‍ണര്‍ കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തായി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റയില്‍ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്താണ് പുറത്തായത്.

സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ചു 2020 ഡിസംബറില്‍ അന്നത്തെ റയില്‍വേ മന്ത്രിയായിരുന്ന പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തെഴുതിയിരുന്നു. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പദ്ധതിക്ക് കേന്ദ്ര റയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സില്‍വര്‍ ലൈന്‍ ഡി.പി.ആര്‍ റയില്‍വേ ബോര്‍ഡിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പദ്ധതിക്ക് അനുമതി തേടി 2021 ജൂലൈ 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയേയും റയില്‍വേ മന്ത്രിയേയും കണ്ടിരുന്ന കാര്യവും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എം പി മാരുടെ യോഗം വിളിച്ചിരുന്നു. യോഗ അജണ്ടയില്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ കത്തും ഉള്‍പെടുത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.