ദുബായ്: വിനായകൻ, ഷൈൻ ടോം ചാക്കോ, ദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് സംവിധാനം ചെയ്ത ‘പന്ത്രണ്ട്’ എന്ന മലയാള ചിത്രം ഇന്ന് യുഎഇ അടക്കം ജിസിസിയിലെ അറുപതോളം തിയറ്ററുകളിൽ റിലീസാകും.
തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ആക്ഷൻ മൂഡിൽ തീവ്ര മനുഷ്യബന്ധത്തിന്റെ കഥ പറയുന്ന ചിത്രം കേരളത്തിൽ നേരത്തെ റിലീസ് ചെയ്തിരുന്നു. ചിത്രം നാട്ടിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്നു എന്ന് ലിയോ തദേവൂസ് സീന്യൂസ് ലൈവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
തിയേറ്ററിൽ പ്രദർശിപ്പിക്കണം എന്ന ആഗ്രഹത്തോടെ അതിന് അനുയോജ്യമായ ഫ്രെമുകളിൽ നിർമിച്ച ഈ സിനിമയുടെ ഛായാഗ്രാഹകൻ സ്വരൂപ് ശോഭയാണ്. കടലും കടൽത്തീരവുമൊക്കെ വളരെ ഭംഗിയായി അദ്ദേഹം അഭ്രപാളിയിൽ എത്തിച്ചിട്ടുണ്ടെന്നനും പ്രേക്ഷകർക്ക് കാഴ്ചയുടെ മനോഹാരിത നൽകാൻ സ്വരൂപിന് സാധിച്ചിട്ടുണ്ടെന്നും ലിയോ പറഞ്ഞു.

കുടുംബസമേതം കാണാവുന്ന ചിത്രമാണിത്. പന്ത്രണ്ട് ഐഡിയൽ നമ്പരാണ്. മനുഷ്യകുലത്തിന്റെ പ്രതിനിധികളെന്ന പോലെ 12 പേരിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. താനും ചിത്രത്തിന്റെ നിർമാതാവുമായുള്ള ബന്ധത്തിനും 12 വർഷമായി. ഇതൊക്കെ കൊണ്ടാണ് ഇത്തരമൊരു പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
സംഗീതത്തിന് പ്രാധാന്യമുള്ള പന്ത്രണ്ടിൽ തനിക്ക് ഒട്ടേറെ പരീക്ഷണങ്ങൾ നടത്താൻ സാധിച്ചതായി ചിത്രത്തിൻറെ സംഗീത സംവിധായകൻ അൽഫോൻസ് പറഞ്ഞു. നീണ്ട വര്ഷങ്ങളിലെ വ്യക്തി ബന്ധമുള്ള ലിയോ തദ്ദേവൂസിനൊപ്പം ഈ സിനിമയുടെ പിന്നണി പ്രവർത്തകനാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇതിലെ പാട്ടുകളും ഒപ്പം പശ്ചാത്തല സംഗീതവും വളരെ മനോഹരമായി ചിട്ടപ്പെടുത്താൻ സാധിച്ചതായി അൽഫോൻസ് പറഞ്ഞു.
സീന്യൂസിന് നൽകിയ പ്രത്യേക അഭിമുഖവും മുഴുവൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.