കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് അനുകൂലമായി രംഗത്തെത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരേ സാക്ഷി ജിന്‍സണ്‍ രംഗത്ത്. പള്‍സര്‍ സുനിയുടേതായി പുറത്തു വന്ന കത്ത് ഒറിജിനലാണെന്ന് ജിന്‍സണ്‍ വ്യക്തമാക്കി.
കത്ത് പള്‍സര്‍ സുനിയുടെത് തന്നെയാണ്. കത്ത് എഴുതിയത് സുനിയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. സുനി പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ സഹതടവുകാരന്‍ വിപിന്‍ലാലാണ് എഴുതിയത്. ഇതിന് ജയിലിലെ സിസി ടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും ജിന്‍സന്‍ വ്യക്തമാക്കി.
ആദ്യം ഒരു റഫ് എഴുതി. സുനിയുടെ കൈയക്ഷരം മോശമായതിനാലാണ് സഹതടവുകാരന്‍ എഴുതിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കോടതിയില്‍ നല്‍കിയതാണ്. ഇത് കോടതിക്ക് പോലും ബോധ്യമയാതാണെന്നാണ് തനിക്ക് തോന്നിയതെന്ന് ജിന്‍സന്‍ പറഞ്ഞു.
മുന്‍ ജയില്‍ ഡിജിപിയുടെ വെളിപ്പെടുത്തലില്‍ പൊലീസ് നിയമനടപടി സ്വീകരിക്കണം. അല്ലെങ്കില്‍ കത്തെഴുതിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ജിന്‍സന്‍ പറഞ്ഞു.
അതേസമയം ശ്രീലേഖയ്‌ക്കെതിരേ അതിജീവിതയുടെ കുടുംബം രംഗത്തെത്തി. ന്യായീകരണ തൊഴിലാളികളോട് സഹതാപം മാത്രമാണ്. സ്വന്തം വ്യക്തിത്വഹത്യക്ക് പകരമായി, അതിനേക്കാള്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലും ആകാം അവരെ പ്രലോഭിപ്പിക്കുന്നതെന്നും സഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ന്യായീകരണ പരമ്പരയില്‍ അടുത്ത വ്യക്തിക്കായി കാത്തിരിക്കുകയാണെന്നും സഹോദരന്‍ പറഞ്ഞു.