പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം

പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്.

പയ്യന്നൂരിലെ ആര്‍എസ്‌എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല. സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് പരിശോധനയും നടത്തും. ആക്രമണത്തിന് പിന്നില്‍ ആരെന്നത് സംബന്ധിച്ച്‌ ഒരു സൂചനയും ലഭിച്ചിട്ടില്ല. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വം ആരോപിക്കുന്നത്.

ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തി സിപിഎം പയ്യന്നൂര്‍ ഏരിയ നേതാവ് ധനരാജിന്റെ ചരമവാര്‍ഷിക ദിനമായിരുന്നു ഇന്നലെ. ധന്‍രാജിന്റെ കൊലപാതകം നടന്ന സമയത്തും ആര്‍എസ്എസ് ഓഫീസ് തീയിട്ട് നശിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.