തിരുവനന്തപുരം: ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫിന്റെ വിഎഫ്എക്സ് (വിഷ്വൽ ഇഫക്‌റ്റ്) സൂപ്പർവൈസറായി പ്രവർത്തിച്ച സുരേഷ് കൊണ്ടറെഡ്ഡി തിരുവനന്തപുരത്ത് എത്തുന്നു.
14 ന് ടെക്നോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ടൂൺസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ മാക്ടയുടെയും ഡിഎഫ്എഫ്കെയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശില്പശാലയിൽ പങ്കെടുക്കാനാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. ശില്പശാലയിലേക്ക് പ്രവേശനം സൗജന്യമാണ്.

വിഷ്വൽ ഇഫക്ട്സ് (VFX) സാങ്കേതിക വിദ്യയുടെ കാണാപുറം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ക്ലാസ് നയിക്കും. നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനമായ പ്രേം കുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. കൂടാതെ ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുക്കും.
കെജിഎഫ് കൂടാതെ ബ്രഹ്മാസ്ത്ര 1, ശിവ തുടങ്ങിയ ചിത്രങ്ങളിലും വിഎഫ്എക്സ് സൂപ്പർവൈസറായി സുരേഷ് കൊണ്ടറെഡ്ഡി പ്രവർത്തിച്ചിട്ടുണ്ട്.