കൊച്ചി: തൃപ്പൂണിത്തുറയ്ക്ക് സമീപം ഇരുമ്പനത്ത് ദേശീയപതാക മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കിഴക്കമ്പലത്തെ ഷമീര്‍, ഇടുക്കിയിലെ മണി ഭാസ്കര്‍, തോപ്പുംപടിയിലെ സജാര്‍ എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ചയാണ് തൃപ്പൂണിത്തുറയ്ക്ക് സമീപം ഇരുമ്പനത്ത് ദേശീയ പതാക മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകയും പതാക ആദരപൂര്‍വം മടക്കിയെടുത്ത് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തില്‍ തൃപ്പുണിത്തുറ ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പ്രതികള്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്നു മാലിന്യം ശേഖരിച്ച ശേഷം യാര്‍ഡില്‍ സൂക്ഷിക്കുകയും ഇവിടെ നിന്ന് ഇരുമ്പനം ഭാഗത്തെ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളെ തൃപ്പൂണിത്തുറ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.