തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ കെ.പി കുമാരന്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുതാണ് പുരസ്‌കാരം. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേരുന്ന അവാര്‍ഡ് നിശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. 2020ലെ ജെ സി ഡാനിയേല്‍ ജേതാവായ പി ജയചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് കെ പി കുമാരനെ തെരഞ്ഞെടുത്തത്. സിബി മലയില്‍, രഞ്ജിത്ത്, സാംസ്‌കാരിക വകുപ്പ് ഉള്‍പ്പടെയുള്ളവരാണ് ജൂറി അംഗങ്ങള്‍.
അര നൂറ്റാണ്ടായി മലയാള ചലച്ചിത്ര മേഖലയില്‍ നിരവധി സംഭാവനകളാണ് കെ പി കുമാരന്‍ നല്‍കിയിട്ടുള്ളത്. 1936ല്‍ തലശേരിയില്‍ ജനിച്ച കെ.പി കുമാരന്‍ റോക്ക് എന്ന ഹ്രസ്വചിത്രത്തിലുടെയാണ് ശ്രദ്ധേയനാകുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ സഹതിരക്കഥാ രചയിതാവാണ്. അതിഥിയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 1972ല്‍ അന്തരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രമാണ് റോക്ക്. 1975ലെ അതിഥി എന്നീ ചിത്രങ്ങളിലൂടെയാണ് കെ പി കുമാരന്‍ മലയാള സിനിമയുടെ ഭാഗമാകുന്നത്.
തോറ്റം, രുഗ്മിണി, നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെപാട്ട്, തേന്‍തുളളി, ആകാശ ഗോപുരം എന്നിവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. 1988ല്‍ രുക്മിണി എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. അതേ ചിത്രത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.
2020ല്‍ മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ ആണ് അവസാന ചിത്രം.