കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച സമര്‍പ്പിക്കും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും പ്രതിചേര്‍ത്തുള്ള അധിക കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുന്നത്. കേസില്‍ നടന്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും. തെളിവുകള്‍ മറച്ചുവച്ചതിനും നശിപ്പിച്ചതിനുമുള്ള വകുപ്പുകളാണ് നടനെതിരെ ചുമത്തുക.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. കേസിലെ പ്രധാന തൊണ്ടി മുതലായ മെമ്മറി കാര്‍ഡ് മൂന്നു കോടതികളില്‍ അനധികൃതമായി തുറന്നതായുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം മൂന്നാഴ്ച കൂടി സമയം തേടിയിരുന്നു. ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ അന്തിമ റിപ്പോര്‍ട്ട് തയാറാണെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു.
തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം അധികം സമയം തേടിയെങ്കിലും ആവശ്യം ഹൈക്കോടതി നിരസിച്ചതോടെയാണ് അന്തിമ റിപ്പോര്‍ട്ട് തയാറാണെന്ന് ഇവര്‍ അറിയിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ജനുവരിയില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്.