തൃശൂര്‍: മദ്യലഹരിയില്‍ ആഡംബര വാഹനങ്ങള്‍ ഓടിച്ചവര്‍ നടത്തിയ മല്‍സരയോട്ടത്തില്‍ പൊലിഞ്ഞത് ഒരു സാധാരണക്കാരന്റെ ജീവന്‍. തൃശൂരില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. അമിത വേഗത്തിലെത്തിയ ഥാര്‍ നിര്‍ത്തിയിട്ടിരുന്ന ടാക്‌സി കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ടാക്‌സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്.
ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ നാലു പേര്‍ അപകടനില തരണം ചെയ്തു. രവിശങ്കറിന്റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്‌സി ഡ്രൈവര്‍ രാജന്‍ എന്നിവരാണ് ചികിത്സയില്‍ തുടരുന്നത്. ബുധനാഴ്ച രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്ററില്‍ വച്ചാണ് ഥാര്‍ ജീപ്പ് ടാക്‌സി കാറിലിടിച്ച് അപകടമുണ്ടായത്.
മദ്യലഹരിയിലിരുന്നു റൈസ ഉമ്മര്‍ എന്നയാളുടെ പേരിലുള്ള ഥാറിന്റെ ഡ്രൈവര്‍. ഒപ്പമുണ്ടായിരുന്ന ബിഎംഡബ്ല്യുവുമായി മല്‍സരയോട്ടം നടത്തി വരുന്നതിനിടെയാണ് ടാക്‌സി കാറിലേക്ക ഥാര്‍ ഇടിച്ചു കയറിയത്. ഇടിച്ച വാഹനത്തിന്റെ ശബ്ദം മാത്രമാണ് കേട്ടതെന്ന് ടാക്‌സി ഡ്രൈവര്‍ രാജന്‍ പറയുന്നു.
ഒരു കാര്‍ മുന്നില്‍ വേഗതയില്‍ കടന്നുപോയി. ആ കാറിന് പിന്നാലെ വന്ന കാറാണ് ഇടിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഥാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.