തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞാണ് പ്രതിഷേധം നടത്തിയത്.
ഇഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യ വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും ട്രെയിന്‍ തടഞ്ഞത്. റെയില്‍വേ ട്രാക്കില്‍ കിടന്നും പ്രതിഷേധിച്ചു. സംഭവസ്ഥലത്ത് പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പന്ത്രണ്ട് മണിയോടെയാണ് സോണിയ ഇ ഡി ഓഫീസില്‍ ഹാജരായത്. മകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയും സോണിയയോടൊപ്പം ഉണ്ടായിരുന്നു. എഐസിസി ഓഫീസിന് മുന്നിലും പ്രതിഷേധം തുടരുകയാണ്.
അശോക് ഗെലോട്ടും കെ സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി പൊലീസ് എ ഐ സി സി ആസ്ഥാനത്തുള്‍പ്പടെ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഇത് ലംഘിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ സോണിയാഗാന്ധിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിച്ചേരുകയായിരുന്നു.