ദുബായ്: ഖത്തർ ലോകകപ്പിന്‍റെ ആവേശം ദുബായിലും. ഫുട്ബോള്‍ ആരാധകരുടെ ആവേശം വാനോളമുയർത്താന്‍ ആദ്യ ഫുട്ബോള്‍ തീം ഹോട്ടല്‍ അടുത്ത നവംബറില്‍ ദുബായ് പാം ജുമൈറയില്‍ തുറക്കും. എന്‍ എച്ച് ദുബായ് ദ പാം എന്ന പുതിയ ഹോട്ടലില്‍ ഫുട്ബോളാണ് പ്രമേയം.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 533 മുറികളാണ് ഹോട്ടലിലുളളത്. മത്സര ടിക്കറ്റുകളും വിമാനയാത്രാ പാക്കേജുകളും ഉൾപ്പടെ ഖത്തർ ലോകകപ്പ് ആരാധകർക്കായി ഒട്ടേറെ ഓഫറുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു മണിക്കൂറാണ് ഇവിടെ നിന്നും ദോഹയിലേക്കുളള യാത്രാ സമയം. അതുകൊണ്ടുതന്നെ യുഎഇയില്‍ താമസിച്ച് ലോകകപ്പിന്‍റെ ഭാഗമാകാമെന്നു കരുതുന്നവർക്ക് ഇഷ്ട ഇടമായി മാറും എന്‍ എച്ച് ദുബായ് ദ പാം എന്നതാണ് പ്രതീക്ഷ.
യുഎഇയിലെ മറ്റ് ഹോട്ടലുകളിലെ ബുക്കിംഗിലും ഉണർവ്വ് പ്രകടമാണ്. സാധുതയുളള ഹയ്യ കാർഡ്, ഖത്തർ ടൂറിസ്റ്റ് വിസ എന്നിവയുണ്ടെങ്കില്‍ മത്സരത്തിന്‍റെ നാല് മണിക്കൂർ മുന്‍പ് ഖത്തറിലെത്തുകയും മത്സരം കണ്ട് മടങ്ങുകയും ആവാം. ലോകകപ്പിന്‍റെ ടിക്കറ്റ് വിൽപ്പന ഓഗസ്റ്റ് 16-ന് അവസാനിക്കും. ഇതുവരെ 18 ലക്ഷം ടൂർണമെന്‍റ് ടിക്കറ്റുകൾ വിറ്റുപോയെന്നാണ് കണക്ക്. നവംബർ 21-നാണ് ഖത്തർ ലോകകപ്പിന് കിക്ക്ഓഫ്.