പോര്‍ട്ട് ഓഫ് സ്‌പെയിന്‍: പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ബുധനാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തിനിറങ്ങുന്നു. ആദ്യ രണ്ടു കളികളും ജയിച്ച ശിഖര്‍ ധവാനും സംഘവും പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ടുമത്സരങ്ങളിലും ഇരുടീമുകളും മുന്നൂറിലധികം റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ഇന്ത്യയുടെ വിജയം മൂന്നുറണ്‍സിനും രണ്ടു വിക്കറ്റിനുമായിരുന്നു.
ഏകദിനത്തില്‍ വിശ്രമം ലഭിച്ച് ട്വന്റി20 പരമ്പരക്കായി ടീമില്‍ ചേരുന്ന നായകന്‍ രോഹിത് ശര്‍മയും സംഘവും വിന്‍ഡീസിലെത്തി. ആര്‍. അശ്വിന്‍, ദിനേശ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവര്‍ എത്തിയിട്ടുണ്ട്. ഏകദിന പരമ്പരക്കുപിന്നാലെ വെള്ളിയാഴ്ചയാണ് അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ കളി.
1983 ലെ ആദ്യ ദ്വിരാഷ്ട്ര പരമ്പര കളിച്ചതു മുതല്‍ ഇന്ത്യക്ക് ഇതുവരെ വിന്‍ഡീസില്‍ ഏകദിന പരമ്പര തൂത്തുവാരാനായിട്ടില്ല. പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.മലയാളി താരം സഞ്ജു സാംസണ്‍തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ഇന്ത്യന്‍ കുപ്പായം അണിയുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. കരിയറില്‍ ഒരിക്കലും സഞ്ജുവിന് ടി20യിലായാലും ഏകദിനലിലായാലും രണ്ട് മത്സരത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടില്ല.