നിയമസഭ കയ്യാങ്കളിക്കേസ്: മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണം

നിയമസഭ കയ്യാങ്കളിക്കേസ്: മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണം

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയടക്കമുള്ള മുഴുവന്‍ പ്രതികളും സെപ്തംബര്‍ 14ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി.

ഹാജരാകാനുള്ള അവസാന അവസരമാണെന്നും കോടതി പ്രതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ശിവന്‍കുട്ടിക്ക് പുറമെ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. കോടതി പറഞ്ഞാല്‍ അനുസരിച്ചേ പറ്റൂ. വിടുതല്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിടുതല്‍ ഹര്‍ജി ഹൈക്കോടതി പരിഗണിച്ച ശേഷമേ വിചാരണക്കോടതി കേസ് പരിഗണിക്കുകയുള്ളുവെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

2015 മാര്‍ച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി എല്‍ഡിഎഫ് എംഎല്‍എമാര്‍ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

2015 ലെ ബജറ്റ് അവതരണ വേളയില്‍ സ്പീക്കറുടെ വേദിയും മൈക്കും കമ്പ്യൂട്ടറുമെല്ലാം തകര്‍ത്ത പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ ദേശീയതലത്തില്‍ പ്പോലും വലിയ ചര്‍ച്ചയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.